ബെംഗളൂരു: രാസമാലിന്യം നിറഞ്ഞ ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തിനു സമീപത്ത് നിന്നും കുടിവെള്ള മാഫിയ വെള്ളമെടുത്ത് വില്‍ക്കുന്നു. രാസമാലിന്യം നിറഞ്ഞതിനാല്‍ തടാകത്തിന് കിലോമിറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രങ്ങളിലെ കുഴല്‍ കിണറുകളില്‍ നിന്നു പോലും കുടിവെള്ളമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നൈട്രേറ്റ്, അമോണിയം ഫോസ്ഫറസ് എന്നിവയുടെ സാന്നിദ്ധ്യം കൂടിയ അളവിലാണ് തടാകത്തിലെ വെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തടാകത്തിനടുത്ത് നിന്നും കുടിവെള്ളം ശേഖരിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുടിവെള്ള മാഫിയയും തമ്മില്‍ ഒത്തുകളിക്കുന്നത്.

ബെലന്തൂര്‍ തടാകം പതഞ്ഞുപൊങ്ങി തീപിടിക്കുന്നതു വേനല്‍ക്കാലത്തെ പതിവുകാഴ്ചയാണ്. വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളുടെ സാന്നിദ്ധ്യമാണു തടാകത്തിലെ തീപിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ദുര്‍ഗന്ധവും ശ്വാസകോശസംബന്ധ രോഗങ്ങളും കാരണം തടാകത്തിന് സമീപത്ത് ജനങ്ങള്‍ താമസിക്കാന്‍ മടിക്കുമ്പോഴാണ് തൊട്ടടുത്ത് കുഴല്‍ക്കിണര്‍ കുഴിച്ച് വെള്ളം ശേഖരിക്കുന്നത്. മറ്റു കുടിവെള്ള സ്രോതസുകളില്‍നിന്നും
ശേഖരിച്ച വെള്ളത്തിനൊപ്പം ചേര്‍ത്താണ് രാസമാലിന്യം കലര്‍ന്ന ഈ വെള്ളം നഗരത്തിലെ ഫ്‌ളാറ്റുകളില്‍ എത്തിക്കുന്നത്.