കാസാബ്ലാന്‍ക: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമായ ബുര്‍ഖയ്ക്ക് മുസ്ലിം രാജ്യമായ മൊറോക്കോയില്‍ നിരോധനം. സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ബുര്‍ഖ നിരോധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ബുര്‍ഖ നിര്‍മ്മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ ഇനി മുതല്‍ ബുര്‍ഖ നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുവാദമില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്. 48 മണിക്കൂറാണ് ഇവര്‍ക്ക് ഇതിനായി അനുവദിച്ച സമയം. കുറ്റവാളികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിനായി ബുര്‍ഖ ദുരുപയോഗം ചെയ്യുന്നു എന്നതാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഏകദേശ ജനസംഖ്യ 32 ദശലക്ഷമാണ്. ഇതില്‍ 95 ശതമാനത്തോളം മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ്. മൊറോക്കോയിലെ പല തീവ്ര മതവാദികളും ബുര്‍ഖ നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
