ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചു പൂട്ടാന്‍ ഭരണകൂടവും സ്വയംപ്രഖ്യാപിത പശുസംരക്ഷകരും നടത്തിയ നീക്കങ്ങളെ ചര്‍ച്ചാ വിഷയമാക്കി ദേശീയ മാധ്യമങ്ങള്‍ മുന്നോട്ടു വരികയുണ്ടായി. പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലായ ന്യൂസ് 18 ചാനലിലും പ്രൈം ടൈം സംവാദത്തിന് തിരഞ്ഞെടുത്ത വിഷയവും ഇതുതന്നെയായിരുന്നു. സംവാദം ആരംഭിച്ച് വിഷയം ചൂട് പിടിക്കുമ്പോഴാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുത്വവാദിയും ചാനല്‍ അവതരാകനും തമ്മില്‍ ഏറ്റുമുട്ടിയത്. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ആകര്‍ഷണം. ചര്‍ച്ചയ്ക്കെത്തിയ വിച്ച്എപി വക്താവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ അവതാരകന്‍ ആവശ്യപ്പെടുന്നതും ജനം ലൈവായി കണ്ടു. സാക്ക ജേക്കബ് ആയിരുന്നു പ്രൈം ടൈം ചര്‍ച്ചയുടെ അവതാരകന്‍. വിഎച്ച്പി വക്താവിന് പുറമെ ഹം ഹിന്ദു, ബിജെപി, കോണ്‍ഗ്രസ് വക്താക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബീഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് കോഴിയിറച്ചി വിറ്റയാളുടെ കട പോലീസ് അടച്ചുപൂട്ടിച്ചതിനെ കുറിച്ച് അവതാരകന്‍ ചോദിച്ചത്തോടെയാണ് വാഗ്വാദത്തിന്റെ തുടക്കം. കടയില്‍ പരിശോധന നടത്താന്‍ എന്തുകൊണ്ട് ഫുഡ് ഇന്‍സ്പെക്ടറെ വിട്ടില്ല..? ഇത് ബനാന റിപ്ലബിക്ക് ആണോ..?’- എന്നായിരുന്നു സാക്കാ ജേക്കബിന്റെ ചോദ്യം. ഇതിന് വിഎച്ച്പി നേതാവ് വിജയ് ശങ്കര്‍ തീവാരിയുടെ മറുപടി ഇങ്ങനെ-ഒരു കള്ളനും താന്‍ കള്ളനാണെന്ന് സമ്മതിക്കില്ല. എന്താണ് സത്യമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല, എന്നായിരുന്നു തീവാരി പറഞ്ഞത്.

അന്വേഷണം നടക്കട്ടെ, അന്വേഷണം നടക്കും മുമ്പ് കടയുടമ കുറ്റക്കാരനാണെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തിയോ..? എന്നായി അവതാരകന്റെ മറുചോദ്യം. സാക്കയുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് ഹം ഹിന്ദു വക്താവ് അജയ് ഗൗതം- അയാള്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന ആളാണ്. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ നിയമത്തിന്റെ കണ്ണില്‍ നിരപരാധികളാണെന്ന് സാക്ക തിരിച്ചടിച്ചപ്പോള്‍, ഹിന്ദിയില്‍ സംസാരിക്കണമെന്നാണ് അവതാരകനോട് വിഎച്ച്പി വക്താവ് പറഞ്ഞത്. എന്നാല്‍ അതൊന്നും വകവെക്കാതെ സാക്ക തുടര്‍ന്നു- കുറ്റക്കാരനെന്ന് തെളിയും വരെ ഒരാള്‍ കുറ്റവാളിയല്ല. നിയമം അറിയില്ലെങ്കില്‍ എന്നെ നിയമം പഠിപ്പിക്കരുതെന്നും അവതാരകന്‍ പറയുമ്പോള്‍ എന്ത് അസംബന്ധമാണിതെന്ന് പറഞ്ഞ് വിഎച്ച്പി വക്താവ് ഷോയില്‍ നിന്നും ഇറങ്ങിപോകാന്‍ ഒരുങ്ങുമ്പോള്‍ ക്ഷുഭിതനായ സാക്ക ജേക്കബ് പിന്നീട് വിഎച്ച്പി നേതാവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ ആക്രോശിച്ചു. നിയമം അറിയാത്ത ആളുകളെ ഈ ചര്‍ച്ചയില്‍ വേണ്ടെന്നും ക്ഷോഭത്തോടെ അവതാരകന്‍ പറയുന്നതും, വിഎച്ച്പി വക്താവ് ഇറങ്ങി പോകുന്നത് വൈറലായ വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.