ബംഗളുരു: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ഒന്നിച്ചപ്പോള്‍ മെട്രോ നഗരങ്ങള്‍ പോലും സ്തംഭിച്ചു. ഇതുവരെ കാണാത്ത ഭാരത് ബന്ദ് അക്ഷരാര്‍ത്ഥത്തില്‍ ഇന്നുണ്ടായി എന്നുതന്നെ വേണം പറയാന്‍. 
നാള്‍ക്കുനാള്‍ ഉണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവ് മൂലം ജനം പൊറുതിമുട്ടിയപ്പോള്‍ ബന്ദിനെ എതിര്‍ക്കുന്നവര്‍ പോലും സഹകരിക്കുകയാണുണ്ടായത്. ബംഗളുരു അടക്കമുള്ള മെട്രോ നഗരം ഒരു ഹര്‍ത്താലിനോടോ ബന്ദിനോടോ സഹകരിക്കാറില്ല എന്നിരിക്കെ ഇന്നത്തെ ബന്ദിനോട് സഹകരിച്ചു. പ്രത്യേകിച്ചും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാര്‍ തന്നെ ബന്ദിനോട് സഹകരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് അവധി നല്‍കിക്കൊണ്ടാണ് കര്‍ണാടകയില്‍ ബന്ദിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്.
സാധാരണ നിരത്തിലിറങ്ങാറുള്ള സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ പൊതുജനവും സഹകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രത്യേക പ്രകടനവും ധര്‍ണയും നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ സ്ഥലങ്ങളിലെ നേതാക്കളും പെട്രോള്‍ പമ്പുകളില്‍ പ്രതിഷേധ സമരം നടത്തി. കേരളത്തില്‍ ഭാരത് ബന്ദിന് പുറമെ കോണ്‍ഗ്രസ് ഇടതുമുന്നണി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.