
പത്തനംതിട്ട: ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഡിസംബര്‍ ആറ് വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അര മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്. കേസില്‍ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.