ബി. ജെ. പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് അഴിമതി, അന്വേഷണ റിപ്പോർട്ട് ചോർന്നത് കുമ്മനത്തിന്റെ ഓഫീസിൽ നിന്നും; അടിപതറി നേതാക്കൾ

  • Post category:news
  • Reading time:2 mins read
You are currently viewing ബി. ജെ. പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് അഴിമതി, അന്വേഷണ റിപ്പോർട്ട് ചോർന്നത് കുമ്മനത്തിന്റെ ഓഫീസിൽ നിന്നും; അടിപതറി നേതാക്കൾ


തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ കോളേജ് അനുവദിക്കുന്നതുമായി ഉയർന്നുവന്ന വിവാദങ്ങളിൽ നിലയില്ലാക്കയത്തിലേക്ക് വീഴുകയാണ് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ. അഴിമതിയിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങളുടെ കൂട്ടത്തിൽ നേതാവായ എം.ടി രമേശിന്റെ പേര് ഉയർന്നത് ആദ്യം വിവാദമായിരുന്നു. പാർട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ആണ് ചോർന്നതെന്നതും, ചോർന്ന സ്ഥലം ബി. ജെ. പി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്റെ ഓഫീസിൽ നിന്നാണ് എന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഇതു പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ ഒത്താശ ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചുകോടിയില്‍പരം രൂപ വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആരോപണമുയര്‍ന്നതോടെ ദേശീയ പ്രസിഡന്റ് അമിത് ഷാ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാലുപേര്‍ക്കെതിരേ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്കു മുന്നിലുള്ളത്. അവര്‍ക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ട്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തേ പറഞ്ഞെങ്കിലും അഴിമതിയുടെ ആഴം വ്യക്തമായതോടെ അദ്ദേഹവും മൗനംപാലിച്ചു. വര്‍ക്കല എസ്. ആര്‍ കോളേജ് ഉടമ ആര്‍. ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയത്.

ബി. ജെ. പിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍. എസ്. വിനോദിന് 5.60 കോടി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് തുക കുഴല്‍പ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.

പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുളളവരാണ് ഇതു ചെയ്തത്. ഇവരിലൊരാള്‍ക്ക് ഒരു പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്തബന്ധം ഉണ്ടെന്നു കണ്ടതോടെ എതിര്‍ചേരികള്‍ പടയൊരുക്കം തുടങ്ങുകയായിരുന്നു. പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കി. എന്‍. ഡി. എ സഖ്യകക്ഷിയായ ബി. ഡി. ജെ. എസുമായി സഹകരിക്കുന്ന ഇയാള്‍ അവരെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആ നേതൃത്വവും ഇടപെട്ടു. സംസ്ഥാന നേതൃ യോഗത്തില്‍ ഇതു ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതോടെ നേതാക്കളായ കെ. പി. ശ്രീശന്‍, എ. കെ. നസീര്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിലാണ് അഴിമതി സ്ഥിരീകരിച്ചിരുന്നത്.

0Shares