
ബി.ജെ.പിയുടെ പിന്തുണയോടെ കിട്ടിയ പഞ്ചായത്ത് പ്രസിഡന്റ് പദവി വേണ്ടെന്ന് വെച്ച് തത്സമയം രാജിസമര്‍പ്പിച്ച് യു.ഡി.എഫ് നേതാവ്. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ചൊവ്വാഴ്ച നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ബി.ജെ.പി പിന്തുണക്കുകയായിരുന്നു . എന്നാൽ ബി.ജെ.പി പിന്തുണയിൽ കിട്ടിയ വിജയം തനിക്കു വേണ്ടെന്നുപറഞ്ഞ് വിജയിച്ച യു.ഡി.എഫിലെ അനീഫ പാലക്കല്‍ ഉടൻ രാജിവെച്ചതോടെ ഭരണം പ്രതിസന്ധിയിലായി.

19 അംഗങ്ങളുള്ള മാറഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്-എട്ട്, ഒരു സ്വതന്ത്ര ഉൾപ്പെടെ എൽ.ഡി.എഫ്-ഒമ്പത്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി എഫ്. ആയിരുന്നു പഞ്ചായത്ത് നേരത്തേ ഭരിച്ചത്. എന്നാൽ ധാരണപ്രകാരം അഡ്വ. ഇ.സിന്ധു രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിനായി കോൺഗ്രസിലെ അനീഫ പാലക്കലും എൽ.ഡി.എഫിനായി സി.പി.ഐയിലെ സ്‌മിതയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്.ബി.ജെ.പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയിൽ അനീഫ പാലക്കലിന് പത്ത് വോട്ട് കിട്ടി. സ്‌മിതയ്ക്ക് ഒമ്പതു വോട്ടും ലഭിച്ചു.
അനീഫ പാലക്കൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറും വരണാധികാരിയുമായ പി. ബഷീർ പ്രഖ്യാപിച്ചു. എന്നാൽ ബി.ജെ.പി. പിന്തുണയിൽ പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് ഇതിനുപിന്നാലെ അനീഫ പാലക്കൽ രാജിക്കത്ത് വരണാധികാരിക്ക് കൈമാറുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് നടന്ന ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു.
