റായ്പ്പൂർ(ഛത്തീസ്ഗഡ്): മാധ്യമപ്രവർത്തകനെ ബി.ജെ.പി നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റായ്പൂരില്‍ നടന്ന ബി.ജെ.പിയുടെ ജില്ലാതല യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക റിപ്പോര്‍ട്ടര്‍ സുമന്‍ പാണ്ഡെയെയാണ് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനെതിരെയാണ് മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത പരിപാടികള്‍ ഹെല്‍മറ്റ് ധരിച്ചെത്തിയാണ് മാധ്യമ പ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി നേതാക്കളുടെ ബൈറ്റ് പോലും ഹെല്‍മറ്റ് ധരിച്ച് മാത്രമേ എടുക്കുകയുള്ളുവെന്നും റായ്പൂര്‍ പ്രസ് ക്ലബ്ബ് ഭാരവാഹികളും അറിയിച്ചു. ബി.ജെ.പി റായ്പൂര്‍ ജില്ലാ പ്രസിഡണ്ട് രാജീവ് അഗര്‍വാളിനെതിരേയാണ് മാധ്യമപ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം.
സംഭവവുമായി നൽകിയ കേസില്‍ രാജീവ് അഗര്‍വാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാൽ ബി.ജെ.പി നേതാക്കളുടെ ഇത്തരം സമീപനത്തിനെതിരെ സമരം ശക്തമാക്കാനാണ് മാധ്യമപ്രവർത്തകരുടെ തീരുമാനം. അഗർവാളിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. അതോടപ്പം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമം പാസാക്കുക എന്ന ആവശ്യവുമായി ചത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് മാധ്യമപ്രവർത്തകർ കത്ത് നൽകി. മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഉറപ്പുനല്കിയതായാണ് വിവരം.