ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യം; തെലുഗ് ദേശം യു.പിഎയുമായി സഹകരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യം; തെലുഗ് ദേശം യു.പിഎയുമായി സഹകരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി കോണ്‍ഗ്രസ്സ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി(ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയാണ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെലുഗ് ദേശം പാര്‍ട്ടി യു.പി.എയുമായി സഹകരിക്കാന്‍ തീരുമാനമായി. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാക്കളായ ശരത് പവര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
നേരത്തെ അരവിന്ദ് കെജ്രിവാള്‍, മായാവതി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ആഴ്ചയില്‍ ചന്ദ്രബാബു നായിഡുവിന്റെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണിത്.
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചന്ദ്രബാബു നായിഡു ബിജെപി നയിക്കുന്ന എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.

0Shares