
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുമെന്ന് വ്യക്തമാക്കിയ ചലച്ചിത്ര നടന്‍ പ്രകാശ് രാജ് ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കുകയാണ്. കർണാടകയിലെ ബംഗളൂരു സെൻട്രല്‍ മണ്ഡലത്തിൽ മൽസരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാവിലെ നഗരത്തിലെ നന്ദ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലിക്ക് ശേഷമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. റാലിയുടെ കാര്യം ഇന്നലെ ഫേസ്ബുക്കിലായിരുന്നു അദ്ദേഹം അറിയിച്ചത്.

ലോക്‌സഭയിലേക്ക് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന തനിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്ഥാനാര്‍ത്ഥിയെ നിർത്തരുതെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ ഇവിടെ ഇവരോട് നേരിട്ട് ഏറ്റുമുട്ടാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ന് രാവിലെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് തൻ്റെ മുഖ്യ എതിരാളിയെന്ന് വ്യക്തമാക്കുക കൂടിയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലേക്ക് പ്രകാശ് രാജിൻ്റെ വരവിനെ നേരത്തെ ആംആദ്മി പാർട്ടി സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇതേ മണ്ഡലത്തിൽ നാൽപ്പതിനായിരത്തോളം വോട്ടുകളാണ് ആം ആദ്മി പാർട്ടി നേടിയിരുന്നത്.
അതിനിടെ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് തന്നെ പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മുൻകൂർ അനുമതി ആവശ്യം എന്നിരിക്കെ അനുവാദമില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിച്ചെന്ന സംഭവത്തിലാണ് നടപടി. ഈ മാസം 12 ന് എം. ജി റോഡിലെ മഹാത്മാഗാന്ധി ഗൗണ്ടിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് കമ്മീഷൻ്റെ നടപടി.
