ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറ (60)യെയാണ് ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ.കുര്യാക്കോസിനെ ഞായറാഴ്ച ഉച്ചക്കായിരുന്നു അവസാനമായി കണ്ടത്. രാവിലെ കുര്‍ബാനക്കും ഉച്ചഭക്ഷണത്തിനും ശേഷം മുറിയിലേക്ക് പോയ ഫാ.കുര്യാക്കോസ് പിന്നീട് മുറി വിട്ട് പുറത്ത് വന്നില്ല. തിങ്കളാഴ്ച രാവിലെ കുര്‍ബാനക്കും കാണാതായപ്പോള്‍ ജോലിക്കാരന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ.

0Shares