ബിന്ദു മുളകുപൊടി ഏറ്റുവങ്ങിയത് നവകേരളത്തിന് വേണ്ടി; ഞാന്‍ ബിന്ദുവിനോടൊപ്പം: കെ. ആര്‍ മീര

  • Post category:news
  • Reading time:1 min read
You are currently viewing ബിന്ദു മുളകുപൊടി ഏറ്റുവങ്ങിയത് നവകേരളത്തിന് വേണ്ടി; ഞാന്‍ ബിന്ദുവിനോടൊപ്പം: കെ. ആര്‍ മീര

സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് എഴുത്തുകാരി കെ. ആര്‍ മീര. അതിക്രമം, അതിക്രമമല്ലെന്നും അനിവാര്യതയാണെന്നും അവര്‍ വാദിച്ചുകൊണ്ടിരിക്കും. അതിക്രമികളുടെ സംഘബോധവും വര്‍ഗബോധവും എടുത്തുപറയേണ്ടതാണെന്നും മീര ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല പ്രവേശനത്തിനായി ശ്രമിച്ച ബിന്ദു അമ്മിണിയെ കെ. ആര്‍ മീര അനുകൂലിച്ചു. നാലു വോട്ടോ, നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. നവകേരളത്തിന് വേണ്ടിയാണ് ബിന്ദു മുളകുപൊടി ഏറ്റുവാങ്ങിയത്. ഞാന്‍ ബിന്ദുവിനോടൊപ്പമാണെന്നും കെ. ആര്‍ മീര വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിന് മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.

ഈ സംഘബോധവും വര്‍ഗ്ഗസ്നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും. നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.

ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.

0Shares