ബിനാമി സ്വത്തിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു: രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം

  • Post category:news
  • Reading time:1 min read
You are currently viewing ബിനാമി സ്വത്തിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു: രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം

ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിനാമി സ്വത്തുക്കളെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ പാരിതോഷികമായി നല്‍കുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിനാമി ഇടപാടുകാരെ എളുപ്പത്തില്‍ കണ്ടെത്തി നികുതി വെട്ടിപ്പ് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നും വിവരം നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബിനാമി വസ്തു നിയമത്തില്‍ ഈ ഒരു വ്യവസ്ഥയില്ലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്നാണ് പാരിതോഷികം നല്‍കുന്ന പൊതുവായ പദ്ധതി ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ബിനാമി ഇടപാടുകാരെ കണ്ടെത്തുന്ന് എളുപ്പവും കാര്യക്ഷമവുമാകും.ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍ പദ്ധതി ഉള്ളത്. ധനകാര്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2016 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ബിനാമി ട്രാന്‍സാക്ഷന്‍സ് അമെന്‍ഡ്‌മെന്റ് ആക്ട് 2016ലെ വകുപ്പുകളാണ് ബിനാമികളെ ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിയ്ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2016ല്‍ ലോക്സഭ പാസാക്കിയ ബിനാമി ഇടപാട്(നിരോധന) നിയമം ബിനാമി സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. എന്നാല്‍ ആരാധനാലയങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ക്ക് മാത്രമാണ് ഭേദഗതി ചെയ്ത നിയമത്തില്‍ ഇളവുള്ളത്. 1988ല്‍ കൊണ്ടുവന്ന 28 വര്‍ഷം പഴക്കമുള്ള നിയമമാണ് 2017 ജനുവരിയില്‍ ഭേദഗതി ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യ വാരത്തിലോ പാരിതോഷിക പദ്ധതി നടപ്പില്‍വരും.

0Shares