
മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷത്തില്‍ ബിഗ് ബി റിലീസ് ചെയ്ത് 12 വര്‍ഷം പിന്നിടുമ്പോളും ബിലാലിന്‍റെ തിരിച്ചുവരവാണ് സിനിമ പ്രേമികൾ ചർച്ച ചെയ്തത്. ഈ കാലത്തിനിടയില്‍ ബിലാൽ വരുന്നു എന്ന് അമൽ നീരദ് പ്രഖ്യാപിച്ചുവരെങ്കിലും പിന്നീട് വാർത്തകൾ ഒന്നും പുറത്ത് വരാഞ്ഞത് അല്പം ആശങ്ക നിറച്ചിരുന്നു.
ഇപ്പോള്‍, എം. പദ്മകുമാറിന്‍റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്‍റെ സെറ്റില്‍ അമല്‍ നീരദും സംഘവും ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് മമ്മൂട്ടിയെ കാണാന്‍ എത്തിയിരുന്നു. തിരക്കഥയില്‍ അന്തിമ തീരുമാനമായെന്നും ഷൂട്ടിംഗ് സംബന്ധിച്ച് ധാരണയില്‍ എത്തിയെന്നുമാണ് വിവരം.

പുതിയ സൂചനകള്‍ പ്രകാരം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിന്‍റെ ഭാഗമായേക്കും. പ്രശസ്ത നടി കാതറിന്‍ ട്രീസയെയാണ് മറ്റൊരു വേഷത്തിനായി പരിഗണിക്കുന്നത്. സിനിമയുടെ തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി ഉറപ്പാക്കിയ ശേഷമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളൂവെന്ന് അമല്‍ നീരദ് നേരത്തേ പറഞ്ഞിരുന്നു. ബിഗ് ബി പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തിയറ്ററുകളില്‍ ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടി.വിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറിയിരുന്നു.
