ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്‌എന്‍എല്‍ എത്തുന്നു. ജയ്പൂര്‍ ആസ്ഥാനമായുള്ള ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ബിഎസ്‌എന്‍എല്‍ ഇങ്ങനെയൊരു പദ്ധിയുമായി രംഗത്തുവന്നത്. പ്രാദേശിക ഭാഷയില്‍ ഈമെയില്‍ സേവനം ലഭ്യമാകുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതല്‍ അടുക്കുകയാണെന്ന് ബിഎസ്‌എന്‍എല്‍ മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീനിവാസ്തവ് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഈ പുതിയ പദ്ധതിയെന്നും. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതെന്നും അദ്ദേഹം വിവരിച്ചു. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സൗകര്യം ലഭ്യമാക്കുക. ബിഎസ്‌എന്‍എല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ഈ പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.