
വ്യാപകമായ എതിർപ്പിനെത്തുടർന്ന് ഒരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ച എഫ്.ആര്.ഡി.ഐ (ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ്) ബിൽ വീണ്ടും കൊണ്ടുവരാൻ നീക്കം. മുംബൈയിലെ പി.എം.സി ബാങ്ക് തകർച്ചയിലായ പശ്ചാത്തലം മറയാക്കിയാണ് ഇപ്പോഴത്തെ നീക്കം. ബാങ്കുകൾ തകർന്നാൽ നിക്ഷേപകരുടെ പണത്തിനുള്ള ഇൻഷ്വറൻസ് ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് വരെയാണ്.
ഏതാണ്ട് കാൽ നൂറ്റാണ്ട് മുന്‍പ് വച്ച ഈ പരിധി കാലോചിതമായി പരിഷ്കരിക്കണമെന്ന് പല ഭാഗങ്ങളിൽനിന്നും ഈയിടെ ആവശ്യമുയർന്നു. ഇതുകൂടി മുൻനിർത്തിയാണ് ധനമന്ത്രാലയം വിവാദബിൽ പൊടിതട്ടിയെടുക്കുന്നത്. ബാങ്കോ ധനകാര്യ സ്ഥാപനമോ തകർച്ചയിലായാൽ അതിലെ നിക്ഷേപകരുടെ നിക്ഷേപത്തുക ബെയിൽ ഇൻ എന്ന പേരിൽ പിടിച്ചെടുക്കുന്ന വ്യവസ്ഥ അടങ്ങിയതായിരുന്നു ബിൽ. മറ്റേതെങ്കിലും സ്ഥാപനത്തിൽ ലയിപ്പിക്കുന്നത് പോലുള്ള നടപടികൾ സാധ്യമല്ലാതായാൽ മാത്രമേ നിക്ഷേപകരുടെ പണം ഇങ്ങനെ നഷ്ടപ്പെടൂ എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

2017 ഓഗസ്റ്റിൽ അന്നത്തെ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നു. എന്നാൽ, എതിർപ്പ് വ്യാപകമായതോടെ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബിൽ പിൻവലിക്കുന്നതായി മന്ത്രി പിയൂസ് ഗോയൽ പ്രഖ്യാപിച്ചു. നിലവില്‍ പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രശ്നത്തിലാകുകയും പി.എം.സി ബാങ്ക് തകർച്ചയിലാകുകയും ചെയ്തപ്പോൾ ധനമന്ത്രാലയമാണ് ബിൽ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്ന വ്യവസ്ഥ ഭേദഗതി ചെയ്താകും ബിൽ കൊണ്ടുവരിക എന്നാണ് സൂചന.
2016ലെ പാപ്പർ നിയമം (ഐ.ബി.സി) നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ കമ്പനികൾക്ക് ബാധകമല്ല. അതുകൊണ്ടാണ് മറ്റൊരു നിയമനിർമാണത്തിന് ശ്രമിച്ചത്.നിക്ഷേപ ഇൻഷ്വറൻസ് പരിധി വർദ്ധിപ്പിക്കുന്നതാകും പുതിയ ബിൽ. ഒരു നിക്ഷേപകന് എത്ര തുക നിക്ഷേപമുണ്ടെങ്കിലും ഒരു ലക്ഷം രൂപയ്ക്കു വരെയേ ഇപ്പോൾ ഇൻഷ്വറൻസ് ഉള്ളൂ.
