ബാളിവുഡ് താരം സണ്ണി ലിയോണ്‍ വന്നു, പോയി: ഗതാഗത തടസം നടത്തിയതിന് മൊബൈല്‍ ഷോപ്പുടമക്കെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ബാളിവുഡ് താരം സണ്ണി ലിയോണ്‍ വന്നു, പോയി: ഗതാഗത തടസം നടത്തിയതിന് മൊബൈല്‍ ഷോപ്പുടമക്കെതിരെ കേസ്

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി തിരിച്ചുപോയി. എന്നാല്‍ സണ്ണി ഉദ്ഘാടനം ചെയ്ത മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ കേസ്. സണ്ണി ലിയോണ്‍ എത്തിയതിനെ തുടര്‍ന്ന് എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ്. ഷോപ്പ് ഉടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. രാവിലെ എട്ടുമുതല്‍ രണ്ടുവരെയാണ് ഇവിടെ ഗതാഗത സ്തംഭനമുണ്ടായത്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും പോലീസ് അറിയിച്ചു. ഫോണ്‍ നാല് ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് വ്യാഴാഴ്ച ഉച്ചയോടെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് ലിയോണിനെ കാണാനായി എം.ജി റോഡില്‍ എത്തിയത്. സണ്ണി ലിയോണിനെ കാത്ത് രാവിലെ മുതല്‍ തന്നെ ആരാധകര്‍ എം.ജി റോഡില്‍ എത്തിയിരുന്നു. ലിയോണ്‍ എതതിയതോടെ സമീപത്തെ എസ്.ബി.ഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന് മുകളിലും പലരും വലിഞ്ഞു കയറി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസിന് പലപ്പോഴും ലാത്തിവരെ വീശേണ്ടി വന്നു.മെട്രോയുടെ ഭാഗമായി എം.ജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തകര്‍ന്നു വീണു. വേദിക്ക് സമീപത്തെ എ.ടി.എം കൗണ്ടറിന് മുകളിലെ നെയിം ബോര്‍ഡില്‍ വരെ ആളുകള്‍ കയറിയതോടെ അതും തകര്‍ന്നു വീണു. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരത്തെ ഒരു നോക്കു കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനവേദിയിലും മണിക്കൂറുകള്‍ക്കു മുന്‍പേ ആയിരങ്ങള്‍ താരത്തെ കാണാനായി കാത്തിരുന്നു.

0Shares