ബാലവേലയില്‍ ഇന്ത്യ ഒന്നാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing ബാലവേലയില്‍ ഇന്ത്യ ഒന്നാമന്‍

ന്യൂഡല്‍ഹി: നിയമപ്രകാരം ഇന്ത്യയില്‍ ബാലവേല കര്‍ശനമായി നിരോധിച്ചിട്ടും ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്ന രാജ്യം ഇന്ത്യയാണെന്നത് മറ്റൊരു വിരോധാഭാസം. ഇന്ത്യയില്‍ 48.2 മില്യണ്‍ കുട്ടികള്‍ ബാലവേലയെടുക്കുന്നുണ്ടെന്നാണ് സ്റ്റോളന്‍ ചൈല്‍ഡ്ഹുഡ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ ഏകദേശം പകുതിയിലധികം കുട്ടികളും കടുത്ത പീഡനത്തിന് ഇരയായ ശേഷം നിര്‍ബന്ധിക്കപ്പെട്ട് ബാലവേലക്ക് എത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരത്തെയുള്ള വിവാഹം, വിദ്യാഭ്യാസമില്ലായ്മ എന്നിവ കുട്ടിയുടെ ബാല്യം കവരുകയാണ്. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യ 119-ാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ അയല്‍ക്കാരായ ശ്രീലങ്ക (61), ഭൂട്ടാന്‍ (93), മ്യാന്‍മാര്‍ (112), നേപ്പാള്‍ (134), ബംഗ്ലാദേശ് എന്നിവര്‍ ഇക്കാര്യത്തില്‍ ഇന്ത്യയെക്കാളും മുമ്പിലാണ്.


ലോകത്താകമാനം 700 ദശലക്ഷം കുട്ടികളാണ് ചെറുപ്രായത്തില്‍ തന്നെ ജോലിയില്‍ ഏര്‍പ്പെടുന്നത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങളും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയുമൊക്കെ പുറത്തുകൊണ്ടുവരികയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. കൂടാതെ ശൈശവവിവാഹം, അനാഥത്വം തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശം ഇന്ത്യയില്‍ വ്യാപകമായി ഹനിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളും ബാല്യവും കവര്‍ന്നെടുക്കുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കുന്നില്ല. ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും ബാലവേല വലിയതോതിലാണ് നടക്കുന്നത്. കടുത്ത പീഡനമാണ് കുട്ടികള്‍ ഇതുവഴി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

0Shares