ബാലഭാസ്‌ക്കറിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ബാലഭാസ്‌ക്കറിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാംപസില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് വിടവാങ്ങിയത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ അര്‍ദ്ധരാത്രിയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്.സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ തേജസ്വിനി (2) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സാരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഗീതപ്രേമികളുടെയും മലയാളക്കരയുടെയും പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കിയാണ് ബാലഭാസ്‌കര്‍ വിടവാങ്ങിയിരിക്കുന്നത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ബാലഭാസ്‌കറിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൈവരിച്ചു വരുന്നതിനിടയിലായിരുന്നു ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും.

0Shares