ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ യോഗഗുരു ബാബാ രാംദേവിന് അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ രാംദേവിന് സമന്‍സ്അയച്ചിട്ടും ഹാജരാകാത്തതിനാലാണ് നടപടി. ഹരിയാന ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് അയച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504 (സമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), ഇന്ത്യന്‍ പീനല്‍ കോഡ് 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബാബാരാംദേവിനെതിരെ കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരതമാതാ കീ ജയ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നും പ്രസംഗത്തിനിടെ രാംദേവ് പറഞ്ഞത്. വിവാദ പരാമര്‍ശത്തിനെതിരെ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ ഹരിയാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് ഭദ്ര കോടതിയെ സമീപിക്കുകയായിരുന്നു.