ലക്നൗ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ എല്‍. കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി വന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി.യുടെ മുന്‍ നിയമസഭാ സാമാജികന്‍ രാം വിലാസ് വേദാന്തി രംഗത്ത്. ബാബറിമസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകരോട് ആവശ്യപ്പെട്ടത് അദ്വാനിയല്ല താനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് വേദാന്തി.
അദ്വാനിയ്ക്ക് സംഭവത്തില്‍ ഒരു പങ്കുമില്ല, താനാണ് ആവശ്യം ഉന്നയിച്ചതും അത് നടപ്പിലായി എന്നുറപ്പുവരുത്തിയതെന്നും രാം വിലാസ് വേദാന്തി മാധ്യമങ്ങളോട് പറഞ്ഞു. 1992 ഡിസംബര്‍ 6നു ബാബറി മസ്ജിദിനു മുന്നില്‍ അണിനിരന്ന ആയിരക്കണക്കിനാളുകളെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചത് അദ്വാനിയോ മറ്റ് ബി.ജെ.പി നേതാക്കളല്ല മറിച്ച് താനാണെന്ന് രാം വിലാസ് വേദാന്തി തറപ്പിച്ച് പറയുന്നു. സുപ്രിം കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കി വരികയാണെന്ന് വേദാന്തി മാധ്യമങ്ങളോട് പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ വേദാന്തിയുള്‍പ്പെടെ 13 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.