ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന താരമായ പി.വി.സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്ക്. ആന്ധ്രാ സര്‍ക്കാരാണ് ഒളിമ്പിക്സ് സില്‍വര്‍ മെഡല്‍ ജേത്രിയും ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയുമായ പി.വി സിന്ധുവിന് ഈ ജോലി നല്‍കി ആദരിച്ചത്. ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് സിന്ധു. ഒളിമ്പിക്സ് വിജയത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് സിന്ധുവിന് ചന്ദ്രബാബു നായിഡു ജോലി വാഗ്ദാനം നല്‍കിയത്. നിലവില്‍ ബി.പി.സി.സി.എല്ലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് സിന്ധു. സിന്ധു ജോലി സ്വീകരിച്ചതോടെ താമസം ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലേക്ക് മാറ്റും.

നിലവില്‍ ഹൈദരാബാദില്‍ താമസിക്കുന്ന സിന്ധു പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനത്തിലാണ്. അന്താരാഷ്ട്ര കരിയറിനുശേഷം ഉയര്‍ന്ന ജോലിയില്‍ തുടരാനാകുമെന്നുറപ്പായതോടെയാണ് സിന്ധു വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജോലി വാഗ്ദാനത്തിന് പുറമെ 3 കോടി രൂപയും 1000 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലവും ആന്ധ്രാ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയിരുന്നു.