മനാമ: മൂന്നാമത് ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലായ ‘ഷോപ്പ് ബഹ്‌റൈന്’ നാളെ തുടക്കമാകും. ബഹ്‌റൈനിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പലവിധ പരിപാടികളാണ് ഫെബ്രുവരി 18 വരെ നീളുന്ന ഫെസ്റ്റിവല്‍ കാലയളവില്‍ നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു. ചില്ലറ വില്‍പന മേഖലയില്‍ വന്‍ ഓഫറുകളും ഇക്കാലയളവില്‍ ലഭ്യമാകും. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), തംകീന്‍ എന്നിവ പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സൗദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ ബെയില്‍ ഒരുക്കുന്ന ‘ഫെസ്റ്റിവല്‍ സിറ്റി’ ഫെബ്രുവരി നാലുവരെ പ്രവര്‍ത്തിക്കും. പലവിധ കലാപരിപാടികളും കൂടാതെ ഫുഡ്സ്റ്റാളുകളും ഫെസ്റ്റിവല്‍ സിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. മിനി ഗോള്‍ഫ്, അമ്യൂസ്‌മെന്റ് റൈഡുകള്‍ എന്നിവയും ഇവിടെയുണ്ടാകും. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് ഇത് പ്രവര്‍ത്തിക്കുക. രണ്ടുദിനാറാണ് പ്രവേശന ഫീസ്. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഷോപ്പ് ബഹ്‌റൈനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 12 കാറുകള്‍ക്ക് പുറമെ 25,000 ത്തോളം സമ്മാനങ്ങളും ലഭിക്കാന്‍ അവസരമുണ്ട്.