ഡല്‍ഹി: ചൊവ്വാദൗത്യത്തിനു പിന്നാലെ ശുക്രദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഏറ്റവും കുറഞ്ഞ ചിലവിലാണ് ഇന്ത്യ ചൊവ്വാദൗത്യം നടത്തിയത്. ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ ‘മംഗള്‍യാന്റെ’ രണ്ടാം പര്യവേഷണം 2021 ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇതിനെത്തുടര്‍ന്ന് ശുക്രഗ്രഹത്തെ പഠിക്കാന്‍ വേണ്ടിയുള്ള ദൗത്യം സാക്ഷാത്കരിക്കാനാണ് ഐ.എസ്.ആര്‍.ഒ ശ്രമിക്കുന്നത് .ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാസയുമായി ഐ.എസ്.ആര്‍.ഒ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഗവേഷണ ഫണ്ടില്‍ 23 ശതമാനം വര്‍ദ്ധനവ് നല്‍കി പൂര്‍ണ പിന്തുണയുമായി കേന്ദ്രസര്‍ക്കാരും സഹകരിക്കും.

അതേ സമയം ഇന്ത്യയുടെ ശുക്രദൗത്യത്തില്‍ പങ്കാളിയാകാന്‍ നാസ തയ്യാറാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറി ഡയറക്ടര്‍ മൈക്കല്‍ വാട്കിന്‍സ് വ്യക്തമാക്കി. ഫെബ്രുവരി 15 ന് ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഐ.എസ്.ആര്‍ ഒ . ഒരു ദൗത്യത്തില്‍ നൂറു ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാന്‍ ഇന്നുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല . ഇത് വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ മഹത്തായ നേട്ടമായി കണക്കാക്കപ്പെടുമെന്ന് മാത്രമല്ല ലോക റിക്കാര്‍ഡായി മാറുകയും ചെയ്യും.മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഫെബ്രുവരി 15 ന് വിക്ഷേപിക്കുന്നത്.101 വിദേശ ഉപഗ്രഹങ്ങളില്‍ 96 എണ്ണം അമേരിക്കയുടേതാണ് . ബാക്കിയുള്ള അഞ്ചെണ്ണം ഇസ്രയേല്‍ , കസാക്കിസ്ഥാന്‍ , ഹോളണ്ട് , സ്വിറ്റ്‌സര്‍ലാന്‍ഡ്, യു എ ഇ എന്നീ രാജ്യങ്ങളുടേതും..