വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുണ്ടാക്കിയ കരാറുകള്‍ ഡൊണാള്‍ഡ് ട്രംപ് ഭാഗികമായി റദ്ദാക്കി. മിയാമിയില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ക്യൂബയുമായി വ്യാപാരബന്ധം പുനസ്ഥാപിച്ച് കൊണ്ടുള്ളതായിരുന്നു ഒബാമയുടെ ക്യൂബന്‍ നയം. ഇതാണ് നിലവിലെ പ്രസിഡന്റ് റദ്ദാക്കിയത്. പുതിയ നയം പ്രഖ്യാപിച്ചതോടെ അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് പോവുന്നതിന് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു ക്യൂബയുമായി ഒബാമ പുതിയ കരാറുകളില്‍ ഒപ്പുവെച്ചത്. അത് ചരിത്രപരമായ കരാര്‍ എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു.

ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ ക്യൂബയുമായി ഉണ്ടാക്കിയത്. അത് തീര്‍ച്ചയായും റദ്ദ് ചെയ്യേണ്ടതുണ്ട്. ക്യൂബന്‍ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതല്‍ ഗുണകരമായ കരാറുണ്ടാക്കും. ഒരു രാജ്യത്തിന് വേണ്ടി യു.എസ് ഡോളര്‍ ഒഴുക്കാനാകില്ലെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്ക്കെതിരായ ഉപരോധം നീക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരെ അമേരിക്കന്‍ വ്യാപാരികളും ജനപ്രതിനിധികളടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.