ദുബായ്: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയ നടി ശ്രീദേവി(54) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മരണ വിവരം കുടുംബം മാധ്യമങ്ങളെ അറിയിച്ചത്.
നാലാം വയസില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. “തുണൈവന്‍” എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്ബാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി . ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ശ്രീദേവി അറിയപ്പെടുന്നത്.
അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളായി 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലായിരുന്നു ശ്രീദേവിയുടെ ജനനം. നാലാം വയസുമുതൽ സിനിമാലോകത്തെത്തിയ ശ്രീദേവി സിനിമയിലെ താര റാണിയായി തിളങ്ങി. 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്ബാറ്റ, ആന വളര്‍ത്തിയ വാനമ്ബാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ശ്രീദേവി അഭിനയിച്ച “മാം” എന്ന ചിത്രം 2017 ല്‍ പുറത്തുവന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന “സീറോ” ആണ് അവസാനചിത്രം. 1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിരമിച്ച ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ “ഇംഗ്ലീഷ് വിംഗ്ലിഷ്” എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരികയായിരുന്നു. ജാഹ്നവി, ഖുഷി എന്നിവരാണ് ശ്രീദേവിയുടെ മക്കള്‍.
