ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്ന് എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്ന് എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്നും ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് കത്തയച്ചെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം.

മുഴുവന്‍ സമയവും പാത അടക്കണമെന്നും പ്രശ്‌നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്നും ഇന്നലെ ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞിരുന്നു.

അതേസമയം വനമേഖലയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയാത്ര നിരോധനം തന്നെ ജനജീവിതം ദുസഹമാക്കുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതെന്ന് ചെന്നിത്തല കത്തില്‍ ആരോപിച്ചു.

യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. രാത്രി യാത്രാ നിരോധനം മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌തെന്നും വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി രണ്ടുദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കും.

0Shares