
ചെന്നൈ: ഫ്‌ളക്‌സ് കട്ടൗട്ട് പൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പുതിയ തീരുമാനവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍. അണ്ണാ ഡി.എം.കെ നേതാവിൻ്റെ മകൻ്റെ വിവാഹത്തിനു റോഡരികിലായി സ്ഥാപിച്ച ഫ്‌ലെക്‌സ് കട്ടൗട്ടാണ് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് പൊട്ടിവീണത്. സംഭവത്തിൽ ശുഭശ്രീ എന്ന യുവതിയാണ് മരിച്ചത്.
ഈ സംഭവത്തിന് പിന്നാലെ നടന്മാരായ വിജയ്, സൂര്യ എന്നിവർ തങ്ങളുടെ ആരാധകരോട് ഫ്‌ളക്‌സ് ബോർഡ് ഒഴിവാക്കാൻ ആഹ്വാനം ചെയ്തു. റോഡരികിൽ സ്ഥാപിച്ച അനധികൃത കട്ടൗട്ടുകൾ അടിയന്തിരമായി ഒഴിവാക്കണമെന്നാണ് ആവശ്യം. തങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ വലിയ കട്ടൗട്ടുകളും ഫ്‌ലെക്‌സുകളും വെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വലിയത്, അപകടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ബിഗിലില്‍ കട്ടൗട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നു പറഞ്ഞ വിജയ്, ജില്ലാ ഭരണകൂടം ഇത് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ചു. ബിഗിലിൻ്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്യുടെ പ്രസ്താവന. ഫ്‌ലെക്‌സ് സംസ്‌കാരം തമിഴ്‌നാട്ടില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്ന് സൂര്യ പറഞ്ഞു. ബാനറുകള്‍ക്കും മറ്റും ചെലവാക്കുന്ന പണം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും സൂര്യ വ്യക്തമാക്കി.
