
സുപ്രീം കോടതിയുടെ, ഫ്ലാറ്റ് പൊളിക്കാനുള്ള വിധിയെ തുടര്‍ന്ന് അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളിലെയും ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കി. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലെ ചില ഉടമകള്‍ ഒഴികെ മറ്റെല്ലാവരും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചു.
രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഫ്ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ നാടകയീതകള്‍ക്കൊടുവിലാണ് എല്ലാ ഫ്ലാറ്റുകളിലും നോട്ടീസ് നല്‍കിയത്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെയിന്‍ കോറല്‍ ഫ്ലാറ്റിലാണ് ആദ്യമെത്തിയത്. ഗേറ്റുകള്‍ താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ആരെയും അകത്തേക്ക് കയറ്റിവിടരുതെന്നാണ് നിര്‍ദ്ദേശമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

ഫ്ലാറ്റ് ഉടമകളെ ഗേറ്റിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ സെക്രട്ടറി ആരിഫ് ഖാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉടമകള്‍ എത്തി ഗേറ്റ് തുറന്ന് ഉദ്യോഗസ്ഥരെ അകത്ത് കടത്തിയെങ്കിലും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ ഭിത്തിയില്‍ നോട്ടീസ് പതിച്ച് സംഘം അടുത്ത ഫ്ലാറ്റിലേക്ക് പോയി.
ആല്‍ഫാ വെഞ്ചേഴ്സിലും സമാന അവസ്ഥ തന്നെയായിരുന്നു ഉണ്ടായത്. നോട്ടീസുകള്‍ ഉടമകള്‍ കൈപ്പറ്റിയില്ല. പിന്നീട് ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടുത്തെ ചില ഉടമകള്‍ നോട്ടീസ് കൈപ്പറ്റി. നിയമനടപടികള്‍ക്ക് വിധേയമായി നോട്ടീസ് കൈപ്പറ്റുന്നു എന്നെഴുതിയായിരുന്നു ഇവര്‍ ഒപ്പിട്ട് നല്‍കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ഹോളി ഫെയത്ത് ഫ്ലാറ്റ് സമുച്ചയത്തില്‍ എത്തിയെങ്കിലും ഗേറ്റ് തുറക്കാന്‍ പോലും ഉടമകള്‍ തയ്യാറായില്ല. ഇതോടെ മതിലിന് പുറത്ത് നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.
