ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്നവര്‍ ഇതുകൂടി അറിയണം; പോസ്റ്റ് തെളിവായി സ്വീകരിച്ച് ബാലവിവാഹം കുടുംബകോടതി റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്നവര്‍ ഇതുകൂടി അറിയണം; പോസ്റ്റ് തെളിവായി സ്വീകരിച്ച് ബാലവിവാഹം കുടുംബകോടതി റദ്ദാക്കി

ജയ്പുര്‍: രാജസ്ഥാന്‍ ജോധ്പുരില്‍ നടന്ന ബാലവിവാഹം ഫെയ്സ്ബുക്ക് പോസ്റ്റ് തെളിവായി സ്വീകരിച്ച് കുടുംബകോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് കോടതി തെളിവായി പരിഗണിച്ചത്. ബാലാവകാശങ്ങള്‍ക്കായി പൊരുതുന്ന കീര്‍ത്തിഭാരതി എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഏഴുവര്‍ഷം മുമ്പ് നടന്ന ബാലവിവാഹം റദ്ദാക്കിയത്. 2010 ല്‍ ജോധ്പുരിലെ ബര്‍മര്‍ ജില്ലയിലായിരുന്നു വിവാഹം. നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. വിവാഹം നടക്കുമ്പോള്‍ സുശീലക്കും ഭര്‍ത്താവിനും 12 വയസ്സായിരുന്നു പ്രായം. തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വളര്‍ന്നപ്പോള്‍ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയായി മാറി എന്നും. മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിന് തുല്യമായിരുന്നെന്നും ചൂണ്ടിക്കാട്ടി വിവാഹ ബന്ധം വേര്‍പെടുത്താന്‍ സുശീല കോടതിയെ സമീപിച്ചിരുന്നു. ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ മുഖേനയാണ് അപേക്ഷയുമായി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. വിവാഹം നടന്നുവെന്ന് ബോധ്യമായെങ്കിലും തെളിവു നല്‍കാന്‍ കീര്‍ത്തിഭാരതിക്ക് അന്ന് കഴിഞ്ഞില്ല. ബാലാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

0Shares