ഫേസ്ബുക്കില്‍ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട രഹ്ന ഫാത്തിമ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്കില്‍ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട രഹ്ന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റില്‍. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരേ കേസ്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. പത്തനംതിട്ട പൊലീസ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട ടൗണ്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബി.ജെ.പി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. ബി.എസ്.എന്‍.എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹ്ന ഫാത്തിമ.

0Shares