ഫീസ് വര്‍ദ്ധന: ജെ.എന്‍.യുവില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജും ജലപീരങ്കിയും; സ്ഥിതി ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing ഫീസ് വര്‍ദ്ധന: ജെ.എന്‍.യുവില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജും  ജലപീരങ്കിയും; സ്ഥിതി ഗുരുതരം

ഫീസ് വര്‍ദ്ധന, ഡ്രസ് കോഡ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സംഘര്‍ഷം. സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പടെയുള്ളവരെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കേന്ദ്രസേനയുടെ കൂടി സഹായം തേടി മന്ത്രിയെ ഒടുവില്‍ പോലീസ് പുറത്തെത്തിക്കുകയായിരുന്നു. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് രാവിലെ ജെ..എന്‍യുവിന് മുന്നില്‍ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിയും പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്. വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

എന്നാല്‍ ബാരിക്കേഡുകള്‍ എല്ലാം സമരക്കാര്‍ തള്ളിമാറ്റിയതോടെ പോലീസ് ചെറിയ തോതില്‍ ലാത്തിവീശി. കൂടുതല്‍ ബാരിക്കേഡുകള്‍ സര്‍വകലാശാലയുടെ കവാടത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പോലീസ് വാഹനം തടഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ ലാത്തിവീശിയ പോലീസ് പിന്നീട് ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിയടിയേറ്റു. ചിലരെ പോലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.

വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച നടത്താന്‍ സമയം കിട്ടാതെ പിരിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവര്‍ സമരമുഖത്ത് അണിനിരന്നതോടെ പുരുഷ പോലീസ് ബലപ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്.

0Shares