ഫീസ് നല്‍കിയില്ല; 16 വിദ്യാര്‍ത്ഥികളോട് പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫീസ് നല്‍കിയില്ല; 16 വിദ്യാര്‍ത്ഥികളോട് പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍

ന്യൂഡല്‍ഹി: ഫീസ് നല്‍കാത്തതിനെത്തുടര്‍ന്ന് 16 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മേല്‍ക്കൂരയില്ലാത്ത മുറിയില്‍ പൂട്ടിയിട്ട് പ്രതികാരം തീര്‍ത്ത് അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പതിനാറു പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ പൂട്ടിയിട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിടുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.50 ഓളം മാതാപിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘ഞാന്‍ ഫീസ് അടച്ചിരുന്നതാണ്, എന്നിട്ടും എന്റെ മകളെയും ശിക്ഷിച്ചു. വിശന്നും ദാഹിച്ചും ചൂടത്ത് തളര്‍ന്നിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.”- കുട്ടികളിലൊരാളുടെ രക്ഷിതാവായ സിയാ ഉദ് ദീന്‍ പറഞ്ഞു.

0Shares