
തിരുവനന്തപുരം: ഫീസടക്കാതതിനാല്‍ പഠനം മുടങ്ങുമെന്നഅവസ്ഥയില്‍ ആയിരുന്നു പോര്‍ച്ചുഗലിലെ കോയിമ്ബ്ര സര്‍വകലാശാലയില്‍ എം. എസ്സി ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി തൃശൂര്‍ കൊടകര സ്വദേശിയായ റിമ രാജന്‍. ഇന്ത്യയില്‍ ഇല്ലാത്ത കോഴ്സാണെന്നു ബോധ്യപ്പെടുത്തിയിട്ടും റിമാ രാജന് കേരളത്തില്‍ നിന്നും സ്കോളര്‍ഷിപ് അനുവദിച്ചിരുന്നില്ല. സ്‌കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛന്‍ രാജന്‍, മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാല്‍, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി. ഫയല്‍ വീണ്ടും നോക്കാന്‍ പറഞ്ഞിട്ടുണ്ടെന്നുള്ള മറുപടിയാണു ലഭിച്ചത്. ഇന്ന് ഫീസ് അടക്കാന്‍ അവസാന ദിവസം, റിമാ രാജന്റെ വിദേശപഠനത്തിന് കേരളാ സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും എന്ന അറിയിപ്പ് ഉണ്ടായി. പണം അടയ്ക്കാനാകും എന്നൊരുറപ്പ് സര്‍ക്കാരില്‍നിന്നു കത്തായി ലഭിച്ചാല്‍ റിമയ്ക്കു പഠനം തുടരാനാവും. ഫീസ് അടയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാനുള്ള നടപടിക്ക് എസ്സി, എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി എ. കെ.ബാലന്‍ അറിയിച്ചു.

സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിനു കാത്തുനിന്നതിനാണു സര്‍വകലാശാലയില്‍നിന്നു റിമയ്ക്ക് നോട്ടിസ് ലഭിക്കാന്‍ കാരണം. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് തൃശൂര്‍ കൊടകര സ്വദേശിയായ റിമാ രാജന്‍. അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ പട്ടികജാതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടര്‍ന്നാണു പഠനം നിര്‍ത്തേണ്ടുന്ന അവസ്ഥയുണ്ടായത്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ചാണു റിമ ഇവിടേക്ക് പഠിക്കാനെത്തിയത്.
‘താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നല്‍കി. ഇനി തുടരാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്കാവില്ല. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം പണമടച്ചില്ലെങ്കില്‍ നിങ്ങളെ സര്‍വകലാശാലയില്‍നിന്നു പുറത്താക്കും’ എന്ന ആ കത്തിലെ വരികള്‍ കേരളത്തിനും മുഴുവന്‍ മലയാളികള്‍ക്കുമുള്ള നാണക്കേടിന്റെ കുറിപ്പാണ്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം ഫീസ് അടച്ചത്.
