ഫിറോസ് മര്‍ച്ചന്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലും

  • Post category:news
  • Reading time:1 min read
You are currently viewing ഫിറോസ് മര്‍ച്ചന്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലും

മനാമ: പ്രവാസ ജീവിതത്തിനിടെ വിവിധ കാരണങ്ങളാല്‍ ജയിലിലാവുകയും പിഴയടക്കാന്‍ വഴിയില്ലാതെ ജയിലില്‍ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഫിറോസ് മര്‍ച്ചന്റിന്റെ സേവനം ബഹ്‌റൈനിലേക്കും വ്യാപിപ്പിക്കുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഫിറോസ് മര്‍ച്ചന്റ് കഴിഞ്ഞദിവസം ബഹ്‌റൈന്‍ നീതിന്യായ, ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ച വിജയകരമായിരുന്നെന്നും തികച്ചും വ്യത്യസ്തമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞതായും ഫിറോസ് മര്‍ച്ചന്റ് മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇതര മന്ത്രാലയങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. യു.എ.ഇ.കേന്ദ്രീകരിച്ച് 2009 ല്‍ ഈ പദ്ധതി തുടങ്ങിയ ശേഷം 1200 ലധികം ആളുകളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനായിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. ഇതിനായി ഏതാണ്ട് നാല് ദശലക്ഷം ഡോളര്‍ ചെലവിട്ടിട്ടുണ്ട്.

ഒരു ദശലക്ഷം ഡോളര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇക്കുശേഷം സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. ഇനി സൗദിയിലും ഇതര ജി.സി.സി രാജ്യങ്ങളിലും ഈ പദ്ധതി അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കും. ഓരോയിടത്തെയും നീതിന്യായ വ്യവസ്ഥയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഇത് ചെയ്യുന്നത്. ഇതിന് ഏതെങ്കിലും എംബസികളുടെയോ എന്‍.ജി.ഒകളുടെയോ പിന്തുണ തേടിയിട്ടില്ല. നേരിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളുമായാണ് ഇടപെടുന്നത്. ജയിലില്‍,സഹായം ലഭിച്ചാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുള്ളവരുടെ പട്ടിക അധികാരികളാണ് തരുന്നത്. ഇതില്‍, ജാതി, മത, ലിംഗ, ദേശ ഭേദങ്ങള്‍ പരിഗണിക്കാറില്ല. എല്ലാ നാടുകളിലുള്ളവര്‍ക്കും സഹായമെത്തിക്കും. കൊലപാതകം, കൊള്ള പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് സഹായം നല്‍കാറില്ല. ബഹ്‌റൈനിലെ വിവിധ അതോറിറ്റികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. റമദാനില്‍ തന്നെ സഹായമെത്തിക്കുന്ന നടപടികള്‍ക്ക് തുടക്കമിടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.ഇത്തരം സഹായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യത്വം മാത്രമാണ് പരിഗണനയെന്നും ഇത് വ്യാപാരവുമായി കൂട്ടിക്കുഴക്കാറില്ലെന്നും ഫിറോസ് മര്‍ച്ചന്റ് വ്യക്തമാക്കി.

0Shares