
ഹവാന: 1959ലാണ് ഫിദല്‍ കാസ്ട്രോ വിപ്ലവാനന്തര ക്യൂബയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ട് കാലത്തോളം ഫിദല്‍ തത്സ്ഥാനത്ത് തുടരുകയും ചെയ്തു. ക്യൂബയുടെ സുവര്‍ണ്ണകാലമായാണ് ഫിദലിന്റെ കീഴിലുള്ള കാലം വിലയിരുത്തപ്പെടുന്നത്. ഫിദല്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ചുമതലയേറ്റ അനുജന്‍ റൗള്‍ കാസ്‌ട്രോ ഒരു പതിറ്റാണ്ടിനടുത്ത് ആ സ്ഥാനത്തിരിക്കുകയാണ്. എന്നാല്‍, തുടര്‍ന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വരുന്നില്ല എന്ന് റൗള്‍ വ്യക്തമാക്കിയതോടെ കാസ്ട്രോയുഗത്തിന് അന്ത്യമാകുകയാണ് ക്യൂബയില്‍. രാഷ്ട്രത്തലവന്‍ ആകുന്നില്ല എങ്കിലും 2021 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് റൌള്‍ ഉണ്ടാകും എന്നത് ജനതയ്ക്കും പാര്‍ട്ടിക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്.

വിപ്ലവാനന്തര തലമുറയില്‍ നിന്നും പുതിയ രാഷ്ട്രത്തലവനെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ക്യൂബ പ്രവേശിച്ചുകഴിഞ്ഞു. നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ എന്ന് വിളിക്കുന്ന ക്യൂബന്‍ പാര്‍ലമെന്റിലെ 605 പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഞായറാഴ്ച നടന്ന വോട്ടെടുപ്പാണ് ഇതിന്റെ ആദ്യപടി. ക്യൂബയിലെ രീതിയനുസരിച്ച് പാര്‍മെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന 31 അംഗ സ്റ്റേറ്റ് കൗണ്‍സിലാണ് പ്രസിഡന്റിനെ നിശ്ചയിക്കുക.
ഇപ്പോഴത്തെ ഫസ്റ്റ് വൈസ് പ്രസിഡന്റും 57-കാരനുമായ മിഗ്വെല്‍ ഡിയാസ്-കാനല്‍ ആയിരിക്കും അടുത്ത പ്രസിഡന്റ്. 1959-ലെ ക്യൂബന്‍ വിപ്ലവത്തില്‍ പങ്കാളികളായിരുന്നു ഫിദലും റൗളും. മിഗ്വെല്‍ രാഷ്ട്രത്തലവനാകുന്നതോടെ വിപ്ലവാനന്തര തലമുറയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുകയാണ്.
