
രാജ്യത്തെ ടോൾപ്ലാസ കവാടങ്ങളെല്ലാം ഡിസംബർ ഒന്നുമുതൽ പൂർണമായും ‘ഫാസ്റ്റ് ടാഗ്’ ട്രാക്കുകളാക്കുന്നു. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ഫാസ്റ്റ് ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാനാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയ നിർദേശം.
എത്ര രൂപയാണോ ടോൾ അടയ്ക്കേണ്ടിയിരുന്നത് അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇതോടെ, നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് ഏർപ്പെടുത്തേണ്ടിവരും. 2017 ഡിസംബർമുതൽ പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോൾപ്ലാസകളിൽ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്റ്റ്ടാഗിലൂടെ ലഭിക്കുന്നത്.

2017-ൽ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019-ൽ ഇത് 8.62 ലക്ഷം ആയി. പരിഷ്കാരം നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) എന്നിവിടങ്ങളിൽനിന്ന് ഫാസ് ടാഗ് രജിസ്ട്രേഷൻ നടത്താം.
വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം.
