
മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫാത്തിമയുടെ കുടുംബം തമിഴ്‌നാട് ഡി.ജി.പി ക്ക് പരാതി നല്‍കി. ഫാത്തിമയുടെ അച്ഛന്‍ ലത്തീഫും ബന്ധുക്കളും തമിഴ്‌നാട് ഡി.ജി.പി ജെ. കെത്രിപാഠിക്കാണ് പരാതി നല്‍കിയത്.
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണ് മരണത്തിന് കാരണമെന്ന് എഴുതി വെച്ച ഫോണിലെകുറിപ്പും പിന്നീട് കണ്ടെത്തിയിരുന്നു.
മരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞെങ്കിലും അധ്യാപകന്‍റെ മാനസികപീഡനമാണ് കാരണമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
