
ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ ഇന്ന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കും. ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരെന്ന് കരുതുന്ന രണ്ട് അധ്യാപകരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതേസമയം ഐ.ഐ.ടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മാനഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ചില വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍,ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു. പലപ്പോഴും ഫാത്തിമ തനിച്ച് ഇരുന്ന് കരയാറുണ്ടെന്ന് സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു.
അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ശേഷം ഇന്റഡ്രേറ്റഡ് എം.എ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകളും നീട്ടി വച്ചു.
