
മുന്നറിയിപ്പ് എന്ന സിനിമയ്ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ആദ്യമായി ഒരുമിക്കുന്നു. കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തയാഴ്ച പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ആരംഭിക്കും. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ. യു മോഹനനാണ് ഛായാഗ്രഹണം.

ദേശീയ അവാര്‍ഡ് ജേതാവ് വിശാല്‍ ഭരദ്വാജാണ് സംഗീതം. നിര്‍മാണം സിബി തോട്ടപ്പുറം.ദേശീയ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് 19 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കാര്‍ബണിന്. വേണു ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന ചിത്രമാണ് വിശാല്‍ ഭരദ്വാജ് ഒടുവില്‍ സംഗീതം നല്‍കിയ മലയാള ചിത്രം.
