
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മൾ മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുമെന്നും സോണിയ പറഞ്ഞു. ഡൽഹി രാം ലീല മൈതാനത്ത് പൗരത്വ നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അവർ. നിങ്ങൾ ആർക്കൊപ്പമാണ്, ഏതുഭാഗത്താണ് എന്ന് തീരുമാനിക്കേണ്ട ഒരു ദിവസം ജീവിതത്തിൽ ഓരോ വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഉണ്ടാകും. ഇന്ന് അത്തരമൊരു ദിവസമാണ്.

നമ്മൾ ഏതു ഭാഗത്താണെന്ന് തീരുമാനിക്കേണ്ടുന്ന ദിവസം. രാജ്യത്തെ രക്ഷിക്കാൻ ശക്തമായി പോരാടേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു. മോദി-ഷാ സർക്കാരിനോട് പറയുകയാണ്, ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തങ്ങൾ തയാറാണ്. അനീതി സഹിക്കുക എന്നാൽ ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും സോണിയ കൂട്ടിച്ചേർത്തു.
കർഷകരുടെ അവസ്ഥ കാണുമ്പോൾ ദുഖം തോന്നുന്നു. അവരുടെ പ്രശ്നങ്ങൾ വർദ്ധിക്കുകയും ജീവിക്കാൻ പ്രയാസമായിത്തീരുകയും ചെയ്തിരിക്കുന്നു. തൊഴിലാളികൾ ശൈത്യമോ വേനലോ മഴയോ കണക്കിലെടുക്കാതെ രാവും പകലും അധ്വാനിക്കുന്നു. എന്നിട്ടും അവർക്ക് വേണ്ടുന്ന ഭക്ഷണം ലഭിക്കുന്നില്ല. അവരുടെ ജീവിതം മാറ്റാൻ നാം പോരാടണമെന്നും സോണിയ ആഹ്വാനം ചെയ്തു.
