
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡി.എം.കെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിയാണിത്.ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് നടൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വൈകിയാണ് ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയത്.ഡി.എം.കെയുടെ വലിയ വിജയമാണിതെന്നും നിയമം പാലിച്ചുകൊണ്ട് റാലി നടത്തുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റാലി തടയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നു. എന്നാല്‍ കോടതി റാലി നടത്താന്‍ അനുമതി നല്‍കി. വലിയ വിജയമാണിത്. നിയമം പാലിച്ചുകൊണ്ട് റാലി നടത്തും’ – അദ്ദേഹം പറഞ്ഞു.

അസമിലും യു.പിയിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.എം.കെ റാലിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം, അക്രമം നടത്തരുത്, പൊതുമുതല്‍ നശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഡി.എം.കെ ഘടകകക്ഷികളുടെ പിന്തുണയും റാലിക്കുണ്ട്.
നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കും.
