
പൗരത്വ നിയമത്തെക്കുറിച്ച് അടുത്ത 10 ദിവസം ബി.ജെ.പി രാജ്യവ്യാപക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും റാലികൾ നടത്തി നിയമത്തെക്കുറിച്ചു വിശദീകരിക്കും. ഇതിൽ ആദ്യ റാലിയിൽ ഇന്നു രാവിലെ ഡൽഹി രാംലീല മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. പ്രചാരണത്തിന്‍റെ ആദ്യഘട്ടമായി വീടുകൾതോറും ബോധവൽകരണം നടത്തും. 250 സ്ഥലങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരിക്കും.
രാജ്യമാകെ 1000 റാലികൾ സംഘടിപ്പിക്കാനും വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് തീരുമാനിച്ചത്. അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളെയും റാലികളിൽ പങ്കെടുപ്പിക്കും.കോൺഗ്രസും സഖ്യകക്ഷികളും മറ്റു പ്രതിപക്ഷ കക്ഷികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ ഭയം വളർത്തുകയുമാണെന്നു ജനറൽ സെക്രട്ടറി ഭൂപീന്ദർ യാദവ് പറഞ്ഞു.

പൗരത്വ നിയമവും പൗര റജിസ്റ്ററും വ്യത്യസ്തമാണ്. പ്രതിപക്ഷം ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണകൾ ദുരീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഇന്നത്തെ റാലിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണ ഭീഷണിയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
