
പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പീഡനം നേരിട്ട് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മോദിയുടെ പ്രസംഗത്തിന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ഒരു പോലെ ബാധകമായിരിക്കണം. അതില്‍ നിന്ന് മുസലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. എന്തു കൊണ്ട് മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കുന്നതെന്ന് മോദി വിശദീകരിക്കണം. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ യെച്ചൂരി, മോദിയുടെയും അമിത് ഷായുടെ യും കൈകളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
