പ്ലസ് ടുവിന് സയന്‍സ് പഠിച്ചില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ നഴ്‌സാകാനാവില്ല; ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കി പി.എസ്.സി വിജ്ഞാപനം

  • Post category:news
  • Reading time:1 min read
You are currently viewing പ്ലസ് ടുവിന് സയന്‍സ് പഠിച്ചില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ നഴ്‌സാകാനാവില്ല; ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കി പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് പ്‌ളസ്ടുവിന് സയന്‍സിതര വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം. സ്റ്റാഫ് നഴ്‌സ് തസ്തികയ്ക്ക് പ്ലസ്ടു സയന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിയമമാണ് ആയിരക്കയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം നിയമം ഭേദഗതി ചെയ്യാമെന്ന മുഖ്യമന്ത്രിയുയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. പ്ലസ്ടുവിനു സയന്‍സ് ഇതര വിഷയങ്ങള്‍ എടുത്തവര്‍ക്കും സംസ്ഥാനത്ത് ജനറല്‍ നഴ്‌സിങ് പഠിക്കാമായിരുന്നു. പക്ഷേ പുതിയ വിജ്ഞാപന പ്രകാരം സര്‍ക്കാര്‍ ജോലി ഇനി സയന്‍സ് പഠിച്ചവര്‍ക്കു മാത്രം. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പു കാരണം അന്യ സംസ്ഥാനത്ത് പഠിച്ചവരടക്കമുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നത്. എയിംസിലടക്കമുള്ള രാജ്യത്തെ പ്രമുഖ ആശുപത്രികളില്‍ ജോലിക്ക് സയന്‍സ് നിര്‍ബന്ധമല്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഒരു നിയമം അടിച്ചേല്‍പിക്കുന്നത്.കഴിഞ്ഞ ജനുവരിയില്‍ ആരോഗ്യ വകുപ്പിലേയ്ക്ക് സ്റ്റാഫ് നഴ്‌സ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അന്നും സയന്‍സ് ഇതര വിഷയക്കാര്‍ തഴയപ്പെട്ടു. വിഷയം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അടുത്ത പി.എസ്.സി വിജ്ഞാപനത്തിനു മുമ്പ് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. സ്റ്റാഫ്‌ നഴ്‌സ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപതിനാണ്. ഇനിയൊരു പി.എസ്.സി വിജ്ഞാപനമുണ്ടാകണമെങ്കില്‍ ചുരുങ്ങിയത് അഞ്ചു കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരും. അപ്പോഴേയ്ക്കും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസരവും നഷ്ടപ്പെടും. സംസ്ഥാനത്ത് നാലുലക്ഷത്തോളം പേരാണ് സര്‍ക്കാര്‍ ജോലി കാത്തുകിടക്കുന്നത്. ഭൂരിഭാഗം പേരും അന്യസംസ്ഥാനത്തു നിന്നു പഠിച്ചവര്‍. അതേ സമയം ജില്ലാശുപത്രി കേന്ദ്രീകരിച്ച് സര്‍ക്കാരിന്റെ കീഴില്‍ ജനറല്‍ നേഴ്‌സിങ് പഠിപ്പിക്കുന്നുണ്ട്. അവരൊക്കയും സയന്‍സിതര വിഷയം പഠിച്ചവരാണ്.

0Shares