ഇംഗ്ലണ്ട്: യോര്‍ക്ക്‌ഷെയറിനടുത്ത് വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത വാറം പേഴ്‌സി എന്ന ഗ്രാമം. നിരവധി ചരിത്ര വിശേഷിപ്പുകളുള്ള വാറം ഗ്രാമം ആളുകള്‍ ഉപേക്ഷിച്ചെങ്കിലും ചിരപുരാതന കാലത്തിന്റെ വിശേഷിപ്പുകള്‍ അവശേഷിക്കുന്ന ഏതാനും ചില കെട്ടിടാവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ബ്രിട്ടിഷ് സാംസ്‌കാരിക വകുപ്പിനു കീഴിലെ ചരിത്രസാമാരകങ്ങളുടെ ഉള്‍പ്പെടെ മേല്‍നോട്ട ചുമതലയുള്ള ഹിസ്‌റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും സതാംപ്ടണ്‍ സര്‍വകലാശാലയും സംയുക്തമായി ഇവിടെ പര്യവേഷണം നടത്തുന്നതിനിടയിലാണ് മാരകമായി മുറിവുകളുള്ള അനേകം എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചത്. ആയുധങ്ങള്‍ കൊണ്ട് മാരകമായി മുറിവേറ്റ നിലയില്‍ ഏകദേശം 10 ഓളം പേരുടെ മൃതദേഹങ്ങളാണ് ഒരു കുഴിയില്‍ നിന്നും ലഭിച്ചത്.

സൂക്ഷ്മ പരിശോധനയിലൂടെ 11-14ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുകളുടെ മൃതശരീരാവശിഷ്ടങ്ങളാണ് ഇതെന്ന് കണ്ടെത്തി. കത്തിയും കോടാലിയും ഉപയോഗിച്ച് പല കഷ്ണങ്ങളാക്കിയാണ് ശരീരങ്ങള്‍ മറവ് ചെയ്തതെന്ന് വിദഗ്ദ പരിശോധനയിലൂടെ മനസ്സിലായി. നരഭോജികളായിരുന്നു അവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അല്ലെങ്കില്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമകാരികളെ കൂട്ടത്തോടെ വെട്ടി നുറുക്കി കെലപ്പെടുത്തിയതാകാം എന്നും കരുതി. എന്നാല്‍ അതൊന്നുമല്ല ദുരാത്മാക്കളെ തടയാന്‍ വേണ്ടി മരിച്ചവരുടെ ശവശരീരം വെട്ടി നുറുക്കി കത്തിച്ച് കുഴിച്ചു മൂടിയതാണ് സത്യം എന്നു മനസ്സിലായി.

ജീവീച്ചിരിക്കുമ്പോള്‍ ആഭിചാരക്രിയകളും കൂടോത്രങ്ങളും ചെയ്തവരും അതിക്രൂരന്മാരും മരിച്ചു കഴിഞ്ഞാല്‍ ദുരാത്മാവായി വരുമെന്ന വിശ്വാസം ഈ ഗ്രാമവാസികള്‍ക്കിടയിലുണ്ടായിരുന്നു. ആഗ്രഹം സഫലമാകാത്തെ മരിക്കുന്നവര്‍ ആഗ്രഹ സാഫല്യത്തിനായി ഉയര്‍ത്തെഴുനേല്‍ക്കുമെന്ന് ഇവര്‍ വിശ്വസിച്ചു. ഇത്തരം ദുരാത്മാക്കളെ പേടിച്ചാണ് മൃതദേഹം വെട്ടിനുറുക്കി കത്തിച്ച് അടക്കം ചെയ്തത് എന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഒരു പ്രത്യേക ജനവിഭാഗം മാത്രം എന്തു കൊണ്ടാണ് ഇത്തരം ഒരു വിചിത്രമായ ആചാരം കൊണ്ട് നടക്കുന്നത്. ഇങ്ങനെ ദുരാത്മാവിനെ പേടിച്ച് മൃതദേഹം വെട്ടിനുറുക്കി കത്തിക്കാന്‍ പാകത്തിന് അവരെ നയിച്ച എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്.