
ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ച കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരിയായി ഫഹദ് ഫാസിൽ വേഷപ്പകർച്ച നടത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിജോപുന്നൂസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദ് കേരളക്കരയിൽ ആദ്യമായി ചുണ്ടൻ വള്ളം നിർമ്മിച്ച നാരായണൻ ആചാരിയെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം , ഇന്ത്യയിലെ ആദ്യത്തെ 3d ചിത്രം തുടങ്ങിയവ സമ്മാനിച്ച ആ പഴയ ടെക്നിക്കല്‍ ക്രാഫ്റ്റ്മാന് ജിജോ പുന്നൂസ് നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി തിരിച്ചുവരുന്നത്. ഇന്ത്യയിന് സിനിമാചരിത്രത്തിലെ ആദ്യത്തെ IMAX 3D സിനിമയാണ് അദ്ദേഹം ഒരുക്കുന്നതെന്നാണ് വിവരം 4 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് ജിജോ പുന്നൂസ് ചിത്രത്തിന്റെ രചന പൂർത്തിയാക്കിയത്.
കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരിയാണ് ചുണ്ടൻ വള്ളത്തിന്റെ ആദ്യ മാതൃക ചെമ്പകശ്ശേരി രാജാവിനു സമർപ്പിക്കുന്നത്. ചെമ്പകശ്ശേരി സ്വരൂപത്തിന്റെ യുദ്ധവിജയങ്ങളുടെ നെടുംതൂണുകൾ ആയിരുന്നു ഈ ജലയാനങ്ങൾ. ഈ വൃത്താന്തമറിഞ്ഞ് കായംകുളം രാജാവ് നാരായണൻ ആചാരിയെ വിളിച്ചു വരുത്തി സമാനമായ ഒരു വള്ളം പണികഴിപ്പിക്കുകയുണ്ടായി. ഇതറിഞ്ഞ ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയെ തുറുങ്കിലടയ്ക്കുകയും ശിരശ്ഛേദം ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ വരുന്ന യുദ്ധം കഴിഞ്ഞതിനു ശേഷം മാത്രം തന്നെ വധിച്ചു കൊള്ളുവാൻ ആചാരി അഭ്യർത്ഥിച്ചു. യുദ്ധത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ചെമ്പകശ്ശേരിയുടെ പടവള്ളങ്ങൾ വള്ളപ്പാടുകൾ കുതിച്ചു മുന്നേറിയപ്പോൾ, കായംകുളം രാജാവിന്റെ ചുണ്ടൻ വള്ളങ്ങൾ പിന്നോക്കം പോവുകയാണുണ്ടായത്. നാരായണൻ ആചാരി കായംകുളം രാജാവിന് പണിതീർത്തു നൽകിയത് ചുണ്ടൻ വള്ളമായിരുന്നില്ല, പകരം പള്ളിയോടങ്ങളുടെ മാതൃകയിലുള്ള വള്ളമായിരുന്നു. (പള്ളിയോടങ്ങൾ ചുണ്ടൻവള്ളങ്ങളിൽ നിന്നും വ്യത്യസ്തസ്ഥമായി അർദ്ധചന്ദ്രാകൃതിയിലുള്ളതും, അമരവും അണിയവും ഉയർന്നു നിൽക്കുന്നതും വളരെ വേഗം മറിഞ്ഞു പോകുന്നതുമാണ്.
തച്ചുശാസ്ത്രത്തിന്റെ കൃത്യതയുടെയും, അളവുകളുടെയും തികവിന്റെ മകുടോദാഹരണമാണ് ഈ സംഭവം. ഇതേത്തുടർന്ന് ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയ്ക്ക് 200 പറ കണ്ടം കരമൊഴിവായി പതിച്ചു നൽകുകയും, പട്ടും വളയും നൽകി ആദരിക്കുകയും, ചെമ്പകശ്ശേരി രാജാക്കന്മാരുടെ സ്ഥാനപ്പേരായ ദേവനാരായണൻ എന്ന പേരു കൂടി നൽകി ആചാരിയെ തന്നോളം ഉയർത്തി ആദരിച്ച കഥയും ഈ ചുണ്ടൻവള്ളങ്ങളുടെ പെരുമയോടൊപ്പം ചേർത്തു വായിക്കപ്പെടുന്നതാണ്. ഈ ചരിത്രം സിനിമയിലേക്ക് സാങ്കേതിക തികവോടെ എത്തുമ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാനാകും.
