തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ട സാഹചര്യത്തെ അതിജീവിക്കാന്‍ പോലീസ് പുതിയ നിര്‍ദേശവുമായി രംഗത്ത്. സുപ്രീം കോടതി വിധി കണക്കിലെടുത്ത് ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യണമെന്നാണ് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അബ്കാരി മേഖലയിലെ അഴിമതി ഒഴിവാക്കാനും സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. മദ്യം വിതരണം ചെയ്യുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 43 ബി ക്ക് അനുസൃതമായി തൊഴിലാളികളുടെ സഹകരണസംഘം ഉണ്ടാക്കണം.മദ്യം വിതരണം ചെയ്യുമ്പോള്‍ സര്‍ക്കാറിന് വേണമെങ്കില്‍ ഒരു സര്‍വീസ് ചാര്‍ജ് ഉപഭോക്താവില്‍ നിന്ന് ഈടാക്കാം. അത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നഷ്ടമാകുന്നവരെ ഓണ്‍ലൈന്‍ വിപണനത്തിനായി ഉപയോഗിക്കുന്നതിലൂടെ ഇവരുടെ പുനരധിവാസമെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും.

ഓണ്‍ലൈനില്‍ ആവശ്യപ്പെട്ടയാള്‍ക്ക് അത് കൈമാറുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ഇതുവഴി പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം വാങ്ങുന്നത് തടയാനാവും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം കിട്ടുകയാണെങ്കില്‍ അത് വിതരണം ചെയ്ത ആളിന്റെ ഉത്തരവാദിത്വമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.