
ടെക്‌സാസ്: വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹമാണ് വീടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടിയില്‍ കണ്ടെത്തിയത്. കാണാതായ സംഭവത്തില്‍ ഇപ്പോഴും ദൂരുഹത തുടരുകയാണ്. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു പൊലീസ് നിരീക്ഷണത്തിലാണ്. ഇതോടെ ഷെറിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പ്രാദേശികസമയം ഞായറാഴ്ച രാവിലെ 11 മണിയോടെ സ്പ്രിങ് വാലിയിലും ബോസര്‍ റോഡ് പ്രദേശത്തും നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്താനായത്. ഒരു കലിങ്കിന്റെ അടിയില്‍ നിന്നും മൂന്ന് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്ലി പൊലീസിനെ അറിയിച്ചത്.

ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്ലിസിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.
കാണാതായ സംഭവത്തെ തുടര്‍ന്നു വെസ്ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.
