ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാത്സംഗം ആണെന്ന് സുപ്രീംകോടതി. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയാണ് പുതിയ ഉത്തരവിലൂടെ അസാധുവായത്. ഐ.പി.സി 375 വകുപ്പാണ് ദേദഗതി ചെയ്തത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷത്തിനകം പരാതി നല്‍കാം. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിന്‍മേലാണ് അപെക്സ് കോടതി വാദം കേട്ടത്.
സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. 18 ല്‍ വയസ്സില്‍ താഴെയുള്ള, വിവാഹിതരായ സ്ത്രീകള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരകളായാല്‍ അവര്‍ക്ക് പരാതി നല്‍കാനാകണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിധി പ്രസ്താവിക്കുന്നതിനിടെ ശൈശവവ വിവാഹത്തെ കുറിച്ചും കോടതി പരാമര്‍ശിച്ചു. നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം സംബന്ധിച്ച നിയമങ്ങള്‍ക്ക് ചില ഇളവുകള്‍ അനുവദിക്കുന്നത് വിവേജചനപരമാണെന്നും വസ്തുനിഷ്ഠമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരം; അത് ബലാത്സംഗമാണെന്ന് സുപ്രീംകോടതി